\id ZEC - Biblica® Open Malayalam Contemporary Version 2020 \ide UTF-8 \h സെഖര്യാവ് \toc1 സെഖര്യാവിന്റെ പ്രവചനം \toc2 സെഖര്യാവ് \toc3 സെഖ. \mt1 സെഖര്യാവിന്റെ പ്രവചനം \c 1 \s1 യഹോവയിലേക്കു മടങ്ങിവരുന്നതിനുള്ള ആഹ്വാനം \p \v 1 ദാര്യാവേശിന്റെ രണ്ടാംവർഷം എട്ടാംമാസത്തിൽ, ഇദ്ദോയുടെ മകനായ ബേരെഖ്യാവിന്റെ മകൻ സെഖര്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി: \p \v 2 “യഹോവ നിങ്ങളുടെ പിതാക്കന്മാരോട് അത്യധികം കോപിച്ചിരുന്നു. \v 3 അതിനാൽ ജനത്തോടു പറയുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ അടുക്കൽ മടങ്ങിവരിക, എങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും,’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. \v 4 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്‌പ്രവൃത്തികളെയും വിട്ടുതിരിയുക, എന്നാൽ അവർ ശ്രദ്ധിക്കുകയോ എനിക്കു ചെവിതരുകയോ ചെയ്തിട്ടില്ല,’ എന്നു പൂർവകാല പ്രവാചകന്മാർ നിങ്ങളുടെ പിതാക്കന്മാരോട് സംസാരിച്ചല്ലോ, നിങ്ങൾ അവരെപ്പോലെ ആകരുത്, എന്ന് യഹോവ അരുളിച്ചെയ്യുന്നു. \v 5 നിങ്ങളുടെ പിതാക്കന്മാർ ഇപ്പോൾ എവിടെ? പ്രവാചകന്മാർ, അവർ എന്നേക്കും ജീവിച്ചിരിക്കുമോ? \v 6 എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോട് കൽപ്പിച്ച എന്റെ വചനങ്ങളും ഉത്തരവുകളും നിങ്ങളുടെ പിതാക്കന്മാരുടെ കാലശേഷവും നിലനിന്നില്ലയോ? \p “അപ്പോൾ അവർ അനുതപിച്ചു: ‘ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും അർഹിക്കുന്നതുതന്നെ സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്തിരിക്കുന്നു; അവിടന്ന് ചെയ്യാൻ തീരുമാനിച്ചതുപോലെതന്നെ’ എന്നു പറഞ്ഞു.” \s1 കൊഴുന്തുമരങ്ങളുടെ ഇടയിലെ പുരുഷൻ \p \v 7 സെബാത്തുമാസമായ പതിനൊന്നാംമാസത്തിന്റെ ഇരുപത്തിനാലാം തീയതി, ദാര്യാവേശിന്റെ രണ്ടാംവർഷത്തിൽ, ഇദ്ദോയുടെ മകനായ ബേരെഖ്യാവിന്റെ മകൻ സെഖര്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി. \p \v 8 രാത്രിയിൽ എനിക്കൊരു ദർശനമുണ്ടായി—എന്റെ മുന്നിൽ ചെമന്ന കുതിരപ്പുറത്ത് ഒരു പുരുഷൻ കയറിയിരിക്കുന്നത് കണ്ടു. അദ്ദേഹം ഒരു താഴ്വരയിൽ കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽ നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്നിൽ ചെമപ്പ്, തവിട്ട്, വെള്ള എന്നീ നിറങ്ങളിലുള്ള കുതിരകൾ ഉണ്ടായിരുന്നു. \p \v 9 ഞാൻ ചോദിച്ചു: “യജമാനനേ, ഇവയെന്ത്?” \p എന്നോടു സംസാരിക്കുന്ന ദൂതൻ പറഞ്ഞു: “അവ എന്താണെന്നു ഞാൻ നിന്നെ കാണിക്കാം.” \p \v 10 കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽനിന്ന പുരുഷൻ വിശദീകരിച്ചു: “യഹോവ ഭൂമിയിലെങ്ങും പോകുന്നതിന് അയച്ചിട്ടുള്ളവരാണ് അവർ.” \p \v 11 കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽനിൽക്കുന്ന യഹോവയുടെ ദൂതനോട് അവർ വസ്തുത അറിയിച്ചു: “ഞങ്ങൾ ലോകമെങ്ങും സഞ്ചരിച്ചു. ലോകംമുഴുവനും സ്വസ്ഥമായും സമാധാനമായും ഇരിക്കുന്നതു കണ്ടു.” \p \v 12 അപ്പോൾ യഹോവയുടെ ദൂതൻ പറഞ്ഞു: “സൈന്യങ്ങളുടെ യഹോവേ, കഴിഞ്ഞ എഴുപതു വർഷങ്ങൾ അങ്ങ് കോപിച്ചിരിക്കുന്ന ജെറുശലേമിനോടും യെഹൂദാനഗരങ്ങളോടും കരുണകാണിക്കാൻ ഇനിയും താമസിക്കുമോ?” \v 13 എന്നോടു സംസാരിച്ച ദൂതനോട് യഹോവ ദയയോടും ആശ്വാസവാക്കുകളോടും സംസാരിച്ചു. \p \v 14 അപ്പോൾ എന്നോടു സംസാരിച്ച ദൂതൻ പറഞ്ഞു, “ഈ വചനം വിളംബരംചെയ്യുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ജെറുശലേമിനെക്കുറിച്ചും സീയോനെക്കുറിച്ചും വളരെ തീക്ഷ്ണതയുള്ളവൻ ആയിരിക്കും. \v 15 എന്നാൽ സ്വയം സുരക്ഷിതരാണെന്നു കരുതിയിരുന്ന രാജ്യങ്ങളോടു ഞാൻ കോപിച്ചിരിക്കുന്നു. ഞാൻ അൽപ്പമേ കോപിച്ചുള്ളൂ, എന്നാൽ, അവരുടെ ശിക്ഷ വളരെ വലുതായിരുന്നു.’ \p \v 16 “അതുകൊണ്ട് യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ കരുണയോടെ ജെറുശലേമിലേക്കു മടങ്ങിവരും; അവിടെ എന്റെ ആലയം വീണ്ടും പണിയപ്പെടും. അളവുനൂൽ ജെറുശലേമിൽ വീഴും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. \p \v 17 “വീണ്ടും വിളംബരംചെയ്യുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ നഗരങ്ങൾ സമൃദ്ധിയാൽ നിറഞ്ഞുകവിയും; യഹോവ വീണ്ടും സീയോനെ ആശ്വസിപ്പിക്കുകയും ജെറുശലേമിനെ തെരഞ്ഞെടുക്കുകയും ചെയ്യും.’ ” \s1 നാലു കൊമ്പുകളും നാലു കൊല്ലന്മാരും \p \v 18 അപ്പോൾ ഞാൻ മുകളിലേക്കുനോക്കി, എന്റെമുമ്പിൽ നാലുകൊമ്പുകൾ! \v 19 എന്നോടു സംസാരിച്ച ദൂതനോട്, “ഇവ എന്താകുന്നു?” എന്നു ഞാൻ ചോദിച്ചു. \p ദൂതൻ എന്നോടു പറഞ്ഞു: “യെഹൂദ്യയെയും ഇസ്രായേലിനെയും ജെറുശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ ഇവതന്നെ.” \p \v 20 പിന്നീട് യഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു. \v 21 ഞാൻ ചോദിച്ചു: “ഇവർ എന്തുചെയ്യാൻ പോകുന്നു?” \p അവിടന്ന് ഉത്തരം പറഞ്ഞു: “ആരും തല ഉയർത്താതെ യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകൾ ഇവയാണ്; എന്നാൽ ഈ കൊല്ലന്മാർ യെഹൂദാദേശത്തിനുനേരേ തങ്ങളുടെ കൊമ്പുകൾ ഉയർത്തി ജനത്തെ ചിതറിച്ചുകളഞ്ഞവരായ ഈ രാജ്യങ്ങളെ പേടിപ്പിച്ച് അവരെ തകർത്തുകളയാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു. \c 2 \s1 അളവുനൂൽ പിടിച്ച ഒരു പുരുഷൻ \p \v 1 ഞാൻ തല ഉയർത്തിനോക്കി, എന്റെമുമ്പിൽ അതാ, കൈയിൽ അളവുനൂലുമായി ഒരു പുരുഷനെ കണ്ടു. \v 2 “താങ്കൾ എവിടെ പോകുന്നു?” എന്നു ഞാൻ ചോദിച്ചു. \p അദ്ദേഹം മറുപടി പറഞ്ഞു, “ഞാൻ ജെറുശലേമിനെ അളക്കാൻ പോകുന്നു. അതിന്റെ വീതിയും നീളവും എന്തെന്ന് അളന്നു തിട്ടപ്പെടുത്താൻതന്നെ.” \p \v 3 അപ്പോൾ എന്നോടു സംസാരിച്ച ദൂതൻ യാത്രയാകാൻ ഒരുങ്ങുമ്പോൾ, വേറൊരു ദൂതൻ അദ്ദേഹത്തിന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു. \v 4 “ ‘ജെറുശലേം അതിലെ പുരുഷാരത്തിന്റെയും കന്നുകാലിയുടെയും ബാഹുല്യംനിമിത്തം മതിലുകൾ ഇല്ലാത്ത ഒരു പട്ടണം ആയിരിക്കുമെന്ന് ആ യുവാവിനോട് പറയുക. \v 5 ഞാൻതന്നെ ആ പട്ടണത്തിനുചുറ്റും ഒരു അഗ്നിമതിൽ ആയിരിക്കും, ഞാൻ അതിനുള്ളിൽ അതിന്റെ മഹത്ത്വവും ആയിരിക്കും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.” \p \v 6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വരിക, വരിക: വടക്കേദേശംവിട്ട് ഓടിപ്പൊയ്ക്കൊൾക; ഞാൻ നിങ്ങളെ ആകാശത്തിലെ നാലു കാറ്റുകളിലും ചിതറിച്ചുകളഞ്ഞുവല്ലോ” എന്ന് യഹോവയുടെ അരുളപ്പാട്. \p \v 7 “സീയോനേ, വരിക! ബാബേൽപുത്രിയിൽ വസിക്കുന്നവരേ, ഓടിപ്പൊയ്ക്കൊൾക!” \v 8 കാരണം സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്നെ കൊള്ളയടിച്ച രാജ്യങ്ങളുടെനേരേ, തേജോമയൻ എന്നെ അയച്ചിരിക്കുന്നു. നിന്നെ തൊടുന്നവർ അവിടത്തെ കൺമണിയെയാണു തൊടുന്നത്. \v 9 അവരുടെ അടിമകൾ അവരെ കൊള്ളയടിക്കത്തക്കവണ്ണം ഞാൻ അവർക്കുനേരേ എന്റെ കൈ ഉയർത്തും; സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നെ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും. \p \v 10 “സീയോൻപുത്രീ, ആനന്ദിച്ചാർപ്പിടുക; ഞാൻ വരുന്നു; ഞാൻ നിങ്ങളുടെ മധ്യത്തിൽ വസിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. \v 11 “അനേക ജനതകൾ ആ ദിവസത്തിൽ യഹോവയോടുചേർന്ന് എന്റെ ജനമായിത്തീരും. ഞാൻ നിങ്ങളുടെ മധ്യത്തിൽ വസിക്കും. സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും. \v 12 വിശുദ്ധഭൂമിയിൽ യെഹൂദാ യഹോവയുടെ ഓഹരിയും അവകാശവുമായിരിക്കും. അവിടന്ന് വീണ്ടും ജെറുശലേമിനെ തെരഞ്ഞെടുക്കും. \v 13 സകലമനുഷ്യരുമേ, യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് എഴുന്നള്ളിയിരിക്കുകയാൽ അവിടത്തെ മുമ്പിൽ നിശ്ശബ്ദരായിരിക്കുക.” \c 3 \s1 മഹാപുരോഹിതന് ശുദ്ധവസ്ത്രം \p \v 1 പിന്നീട്, മഹാപുരോഹിതനായ യോശുവ യഹോവയുടെ ദൂതന്റെ മുമ്പാകെ നിൽക്കുന്നതും അദ്ദേഹത്തെ കുറ്റംചുമത്തുന്നതിനു സാത്താൻ അദ്ദേഹത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും ദൂതൻ എന്നെ കാണിച്ചു. \v 2 യഹോവ സാത്താനോട്, “സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു! ജെറുശലേമിനെ തെരഞ്ഞെടുത്ത യഹോവ നിന്നെ ഭർത്സിക്കുന്നു! ഈ മനുഷ്യൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളി അല്ലയോ?” എന്നു പറഞ്ഞു. \p \v 3 യോശുവ ദൂതന്റെ മുമ്പിൽ, മുഷിഞ്ഞവസ്ത്രം ധരിച്ചുകൊണ്ടാണ് നിന്നിരുന്നത്. \v 4 അദ്ദേഹത്തിന്റെമുമ്പിൽ നിൽക്കുന്നവരോട് ദൂതൻ പറഞ്ഞു: “അവന്റെ മുഷിഞ്ഞവസ്ത്രം നീക്കിക്കളയുക.” \p പിന്നീട് ദൂതൻ യോശുവയോടു പറഞ്ഞു: “നോക്കുക, ഞാൻ നിന്റെ പാപം നിന്നിൽനിന്നു നീക്കിയിരിക്കുന്നു; ഞാൻ നിന്നെ മനോഹരവസ്ത്രം ധരിപ്പിക്കും.” \p \v 5 അപ്പോൾ ഞാൻ പറഞ്ഞു, “അദ്ദേഹത്തിന്റെ തലയിൽ വെടിപ്പുള്ള ഒരു തലപ്പാവണിയിക്കുക.” യഹോവയുടെ ദൂതൻ അവിടെ നിൽക്കുമ്പോൾത്തന്നെ അവർ അദ്ദേഹത്തിന്റെ തലയിൽ വെടിപ്പുള്ള തലപ്പാവുവെച്ചു. അദ്ദേഹത്തെ ഉത്സവവസ്ത്രം ധരിപ്പിക്കുകയും ചെയ്തു. \p \v 6 യഹോവയുടെ ദൂതൻ യോശുവയ്ക്കു ഈ നിർദേശംനൽകി: \v 7 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ എന്നെ അനുസരിച്ചു ജീവിക്കുകയും എന്റെ നിബന്ധനകൾ അനുസരിക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കുകയും എന്റെ അങ്കണങ്ങൾ സംരക്ഷിക്കുകയും ചെയ്യും. ഇവിടെ നിൽക്കുന്നവരുടെ മധ്യത്തിൽ ഞാൻ നിനക്ക് ഒരു സ്ഥാനം നൽകും. \p \v 8 “ ‘മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിലിരിക്കുന്ന സഹപ്രവർത്തകരും ഇതു കേൾക്കുക, വരാനിരിക്കുന്ന കാര്യങ്ങളുടെ പ്രതീകമാണ് നിങ്ങൾ. ഞാൻ എന്റെ ദാസനെ, എന്റെ “ശാഖയെത്തന്നെ,” വരുത്തും. \v 9 ഞാൻ യോശുവയുടെ മുമ്പിൽവെച്ചിരിക്കുന്ന കല്ലിനെ ശ്രദ്ധിക്കുക! ആ കല്ലിൽ ഏഴു കണ്ണുകളുണ്ട്. ഞാൻ അതിൽ കൊത്തുപണിയായി ഒരു മേലെഴുത്ത് എഴുതും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ‘ഞാൻ ഈ ദേശത്തിന്റെ പാപത്തെ ഒറ്റദിവസംകൊണ്ട് നീക്കിക്കളയും. \p \v 10 “ ‘ആ ദിവസത്തിൽ നിങ്ങൾ ഓരോരുത്തരും തന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ ഇരിക്കാൻ തങ്ങളുടെ അയൽവാസിയെ ക്ഷണിക്കും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” \c 4 \s1 തങ്കനിർമിതമായ വിളക്കുതണ്ടും രണ്ട് ഒലിവുവൃക്ഷങ്ങളും \p \v 1 എന്നോടു സംസാരിച്ച ദൂതൻ മടങ്ങിവന്നു, ഒരു മനുഷ്യനെ ഉറക്കത്തിൽനിന്ന് ഉണർത്തുന്നതുപോലെ എന്നെ ഉണർത്തി. \v 2 “നീ എന്തു കാണുന്നു?” അദ്ദേഹം എന്നോടു ചോദിച്ചു. \p അതിനു ഞാൻ, “മുഴുവനും തങ്കനിർമിതമായ ഒരു വിളക്കുതണ്ടും അതിനു മുകളിൽ ഒരു ചെറിയ കുടവും അതിൽ ഏഴുവിളക്കുകളും അവയ്ക്കു വിളക്കു തെളിയിക്കുന്നതിനുള്ള ഏഴു കുഴലുകളും കാണുന്നു. \v 3 കൂടാതെ, കുടത്തിന്റെ വലത്തുവശത്ത് ഒന്നും, ഇടത്തുവശത്തു മറ്റൊന്നുമായി രണ്ട് ഒലിവുവൃക്ഷങ്ങളും കാണുന്നു” എന്നു പറഞ്ഞു. \p \v 4 എന്നോടു സംസാരിച്ച ദൂതനോട്, “എന്റെ യജമാനനേ, ഇവ എന്താണ്?” എന്നു ഞാൻ ചോദിച്ചു. \p \v 5 ദൂതൻ എന്നോട്: “ഇവ എന്താകുന്നു എന്നു നീ അറിയുന്നില്ലേ?” എന്നു ചോദിച്ചു. \p “ഇല്ല, യജമാനനേ,” എന്നു ഞാൻ മറുപടി പറഞ്ഞു. \p \v 6 അപ്പോൾ ദൂതൻ എന്നോട്: “ഇതു സെരൂബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാണ്: ‘സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. \p \v 7 “മഹാപർവതമേ, നീ എന്താണ്? സെരൂബ്ബാബേലിന്റെ മുമ്പിൽ നീ സമതലഭൂമിയായിത്തീരും. ‘കൃപ! കൃപ!’ എന്ന ആർപ്പുവിളികളോടെ അവൻ അതിന്റെ ആണിക്കല്ല് കയറ്റും.” \p \v 8 അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: \v 9 “സെരൂബ്ബാബേലിന്റെ കരങ്ങൾ ഈ ആലയത്തിന് അടിസ്ഥാനമിട്ടിരിക്കുന്നു. അവന്റെ കരങ്ങൾത്തന്നെ അതു പൂർത്തിയാക്കും. സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും. \p \v 10 “ചെറിയ കാര്യങ്ങളുടെ ദിവസത്തെ നിന്ദിക്കാൻ ആർ ധൈര്യപ്പെടും? കാരണം തെരഞ്ഞെടുക്കപ്പെട്ട ആണിക്കല്ല്\f + \fr 4:10 \fr*\ft അഥവാ, \ft*\fqa തൂക്കുകട്ട\fqa*\f* സെരൂബ്ബാബേലിന്റെ കൈയിൽ കാണുമ്പോൾ ഭൂമിയിലെങ്ങും വിന്യസിച്ചിരിക്കുന്ന യഹോവയുടെ ഈ ഏഴു കണ്ണുകൾ സന്തോഷിക്കും.” \p \v 11 ഞാൻ ആ ദൂതനോട് ചോദിച്ചു, “വിളക്കുതണ്ടിന് ഇടത്തും വലത്തും നിൽക്കുന്ന ഈ രണ്ടു ഒലിവുവൃക്ഷങ്ങൾ എന്ത്?” \p \v 12 ഞാൻ വീണ്ടും ചോദിച്ചു, “തങ്കനിറമുള്ള എണ്ണപകരുന്ന തങ്കനിർമിതമായ രണ്ടു കുഴലുകൾക്കരികെ കാണുന്ന രണ്ട് ഒലിവുശാഖകൾ എന്ത്?” \p \v 13 ദൂതൻ എന്നോട്, “ഇവ എന്താകുന്നു എന്നു നീ അറിയുന്നില്ലേ?” \p അതിന്, “ഇല്ല, യജമാനനേ,” എന്നു ഞാൻ മറുപടി പറഞ്ഞു. \p \v 14 “അവ സർവഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിൽക്കുന്ന രണ്ട് അഭിഷിക്തന്മാർ ആകുന്നു,” എന്നു ദൂതൻ മറുപടി നൽകി. \c 5 \s1 പറക്കുന്ന ചുരുൾ \p \v 1 ഞാൻ വീണ്ടും മുകളിലേക്കുനോക്കി. അവിടെ അതാ, എന്റെമുമ്പിൽ പറക്കുന്ന ഒരു ചുരുൾ! \p \v 2 ദൂതൻ എന്നോട്, “നീ എന്തു കാണുന്നു?” എന്നു ചോദിച്ചു. \p “പറക്കുന്ന ചുരുൾ ഞാൻ കാണുന്നു. അതിന് ഇരുപതുമുഴം നീളവും പത്തുമുഴം വീതിയും\f + \fr 5:2 \fr*\ft ഏക. 9 മീ. നീളവും 4.5 മീ. വീതിയും.\ft*\f* ഉണ്ട്,” എന്നു ഞാൻ മറുപടി പറഞ്ഞു. \p \v 3 ദൂതൻ എന്നോട് ഇപ്രകാരം പറഞ്ഞു. “ഇതു ദേശത്തിന്മേൽ പുറപ്പെട്ടുവരുന്ന ശാപം ആകുന്നു. അതിന്റെ ഒരുവശത്തു പറയുന്നതുപോലെ, മോഷ്ടിക്കുന്നവനൊക്കെയും ഛേദിക്കപ്പെടും; മറ്റേവശത്തു പറയുന്നതുപോലെ, കള്ളസത്യംചെയ്യുന്നവരൊക്കെയും ഛേദിക്കപ്പെടും. \v 4 സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്, ‘ഞാൻ അതിനെ അയയ്ക്കും. അതു മോഷ്ടിക്കുന്നവന്റെ വീട്ടിലും എന്റെ നാമത്തിൽ കള്ളസത്യംചെയ്യുന്നവരുടെ വീട്ടിലും പ്രവേശിക്കും. അത് ആ വീട്ടിൽ വസിച്ചുകൊണ്ട് അതിന്റെ കല്ലും മരവും നശിപ്പിച്ചുകളയും.’ ” \s1 കുട്ടയ്ക്കകത്ത് ഇരിക്കുന്ന സ്ത്രീ \p \v 5 എന്നോടു സംസാരിച്ച ദൂതൻ മുന്നോട്ടുവന്ന് ഇപ്രകാരം പറഞ്ഞു, “തല ഉയർത്തി, ഈ പ്രത്യക്ഷപ്പെടുന്നത് എന്തെന്നു നോക്കുക.” \p \v 6 “അതെന്ത്?” എന്നു ഞാൻ ചോദിച്ചു. \p അദ്ദേഹം മറുപടി പറഞ്ഞു: “അത് ധാന്യം അളക്കുന്ന ഒരു കുട്ട ആകുന്നു.” അദ്ദേഹം തുടർന്നു: “ഇത് ദേശമെങ്ങുമുള്ള ജനത്തിന്റെ അതിക്രമം ആകുന്നു.” \p \v 7 അപ്പോൾ ഈയത്തിലുള്ള അടപ്പ് ഉയർത്തി. അതാ, ആ കുട്ടയ്ക്കകത്ത് ഒരു സ്ത്രീ ഇരിക്കുന്നു! \v 8 ദൂതൻ പറഞ്ഞു: “ഇത് ദുഷ്ടത ആകുന്നു,” അദ്ദേഹം അവളെ കുട്ടയ്ക്കുള്ളിലാക്കി അടപ്പുകൊണ്ട് അടച്ചു. \p \v 9 അപ്പോൾ ഞാൻ മുകളിലേക്കുനോക്കി—അവിടെ അതാ, ചിറകുകളിൽ കാറ്റുവഹിക്കുന്ന രണ്ടു സ്ത്രീകൾ എന്റെമുമ്പിൽ! കൊക്കുകൾക്ക് ഉള്ളതുപോലെ അവർക്കു ചിറകുകൾ ഉണ്ടായിരുന്നു. അവർ ആകാശത്തിനും ഭൂമിക്കും മധ്യേ ആ കുട്ട ഉയർത്തി. \p \v 10 “അവർ ആ കുട്ട എവിടെ കൊണ്ടുപോകുന്നു?” എന്ന് എന്നോടു സംസാരിച്ച ദൂതനോട് ഞാൻ ചോദിച്ചു. \p \v 11 അദ്ദേഹം പറഞ്ഞു: “ബാബേലിൽ\f + \fr 5:11 \fr*\ft മൂ.ഭാ. \ft*\fqa ശിനാർദേശം\fqa*\f* അവർ അതിന് ഒരു വീടുപണിയും. അതു പൂർത്തിയാകുമ്പോൾ ആ കുട്ട അതിന്റെ സ്ഥാനത്തു വെക്കും.” \c 6 \s1 നാലു രഥങ്ങൾ \p \v 1 ഞാൻ വീണ്ടും തല ഉയർത്തിനോക്കി, അതാ, എന്റെമുമ്പിൽ രണ്ടു പർവതങ്ങളുടെ മധ്യത്തിൽനിന്നു പുറപ്പെടുന്ന നാലു രഥങ്ങൾ. ആ പർവതങ്ങൾ വെള്ളോടുപർവതങ്ങൾ ആയിരുന്നു. \v 2 ഒന്നാമത്തെ രഥത്തിനു ചെമന്ന കുതിരകളും രണ്ടാമത്തേതിനു കറുത്ത കുതിരകളും \v 3 മൂന്നാമത്തേതിനു വെള്ളക്കുതിരകളും നാലാമത്തേതിനു പുള്ളിയും തവിട്ടുനിറവുമുള്ള കുതിരകളെയും പൂട്ടിയിരുന്നു—ഇവയെല്ലാം ബലമേറിയവ ആയിരുന്നു. \v 4 എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ ചോദിച്ചു, “എന്റെ യജമാനനേ, ഇവ എന്താകുന്നു?” \p \v 5 ദൂതൻ എന്നോടു മറുപടി പറഞ്ഞു: “സർവഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിൽക്കുന്നവരും അവിടത്തെ ദൗത്യനിർവഹണത്തിനായി പുറപ്പെട്ടുപോകുന്നവരുമായ സ്വർഗത്തിലെ നാല് ആത്മാക്കളാകുന്നു. \v 6 കറുത്ത കുതിരകളെ പൂട്ടിയിരുന്ന രഥം വടക്കേരാജ്യത്തിലേക്കുപോയി, വെളുത്ത കുതിരകളെ പൂട്ടിയിരുന്ന രഥം പടിഞ്ഞാറോട്ടുപോയി, പുള്ളിയും തവിട്ടുനിറവുമുള്ള കുതിരകളെ പൂട്ടിയിരുന്ന രഥം തെക്കോട്ടുപോയി.” \p \v 7 ആ ബലമേറിയ കുതിരകൾ പുറപ്പെട്ടശേഷം അവ ഭൂമിയിലെങ്ങും പോകാൻ ബദ്ധപ്പെട്ടു. അപ്പോൾ യഹോവ, “ഭൂമിയിലെങ്ങും പോകുവിൻ!” എന്നു കൽപ്പിച്ചു. അങ്ങനെ അവ ഭൂമിയിലെങ്ങും പോയി. \p \v 8 അപ്പോൾ യഹോവ എന്നോടു വിളിച്ചുപറഞ്ഞു: “നോക്കുക, വടക്കേദേശത്തേക്കു പോകുന്നവ വടക്കേദേശത്തെ എന്റെ ക്രോധം ശമിപ്പിച്ചിരിക്കുന്നു.” \s1 യോശുവയ്ക്കു കിരീടം \p \v 9 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: \v 10 “ബാബേലിൽനിന്നു വന്ന ഹെൽദായ്, തോബിയാവ്, യെദായാവ് എന്നീ പ്രവാസികളുടെ പക്കൽനിന്നു വെള്ളിയും സ്വർണവും വാങ്ങുക. അന്നുതന്നെ, സെഫന്യാവിന്റെ മകനായ യോശിയാവിന്റെ വീട്ടിൽ പോകണം. \v 11 വെള്ളിയും സ്വർണവും എടുത്ത് ഒരു കിരീടം ഉണ്ടാക്കി യെഹോസാദാക്കിന്റെ മകൻ യോശുവ എന്ന മഹാപുരോഹിതന്റെ തലയിൽ വെക്കുക. \v 12 അദ്ദേഹത്തോട്, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയുക: ‘ശാഖാ എന്നു പേരുള്ള പുരുഷൻ ഇവിടെയുണ്ട്. അദ്ദേഹം തന്റെ സ്ഥാനത്തുനിന്നു ശാഖകൾ നീട്ടുകയും യഹോവയുടെ ആലയം പണിയുകയും ചെയ്യും. \v 13 അദ്ദേഹംതന്നെയാണ് യഹോവയുടെ ആലയം പണിയുന്നത്. അദ്ദേഹം തേജസ്സു ധരിച്ചു തന്റെ സിംഹാസനത്തിലിരുന്ന് ഭരണംനടത്തും. അദ്ദേഹം തന്റെ സിംഹാസനത്തിൽ ഒരു പുരോഹിതൻ ആയിരിക്കും; ഇരുവർക്കുംതമ്മിൽ ഐക്യമുണ്ടാകും.’ \v 14 ഹേലം,\f + \fr 6:14 \fr*\fqa ഹൽദായി, \fqa*\fq ഹേലം \fq*\ft എന്നതിന്റെ മറ്റൊരുരൂപം.\ft*\f* തോബിയാവ്, യെദായാവ്, സെഫന്യാവിന്റെ മകൻ ഹേൻ എന്നിവരുടെ സ്മാരകമായി യഹോവയുടെ ആലയത്തിൽ ആ കിരീടം നൽകപ്പെടും. \v 15 വിദൂരത്തുനിന്നുള്ളവർ വരികയും യഹോവയുടെ ആലയം പണിയാൻ സഹായിക്കുകയും ചെയ്യും. സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും. നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ജാഗ്രതയോടെ അനുസരിക്കുമെങ്കിൽ ഇപ്രകാരം സംഭവിക്കും.” \c 7 \s1 ഉപവാസത്തെക്കാൾ നല്ലത് നീതിയും കരുണയും \p \v 1 ദാര്യാവേശ് രാജാവിന്റെ നാലാംവർഷം, ഒമ്പതാംമാസമായ കിസ്ളേവുമാസം നാലാം തീയതി, സെഖര്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. \v 2 ബേഥേലിലുള്ള ജനം യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്, ശരേസർ, രേഗെം-മേലെക് എന്നിവരെയും അവരുടെ ആളുകളെയും അയച്ച്, \v 3 സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “കഴിഞ്ഞ അനേകം വർഷങ്ങളായി ചെയ്തുവരുന്നതുപോലെ അഞ്ചാംമാസത്തിൽ ഞാൻ കരയുകയും ഉപവസിക്കുകയും ചെയ്യണമോ” എന്നു ചോദിപ്പിച്ചു? \p \v 4 അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: \v 5 “ദേശത്തിലെ സകലജനങ്ങളോടും പുരോഹിതന്മാരോടും ഇപ്രകാരം ചോദിക്കുക, ‘കഴിഞ്ഞ എഴുപതുവർഷം അഞ്ചാംമാസത്തിലും ഏഴാംമാസത്തിലും നിങ്ങൾ ഉപവസിക്കുകയും കരയുകയും ചെയ്തല്ലോ; വാസ്തവത്തിൽ എനിക്കുവേണ്ടിത്തന്നെയോ നിങ്ങൾ ഉപവസിച്ചത്? \v 6 നിങ്ങൾ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തപ്പോൾ, നിങ്ങൾ നിങ്ങൾക്കുവേണ്ടി അല്ലയോ വിരുന്നുകഴിച്ചത്? \v 7 ജെറുശലേമിലും ചുറ്റുപാടുമുള്ള നഗരങ്ങളിലും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കേദേശത്തും പടിഞ്ഞാറ് കുന്നിൻപ്രദേശങ്ങളിലും ജനവാസമുണ്ടായിരുന്നപ്പോഴും പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തിരുന്ന യഹോവയുടെ വചനം കേട്ട് നിങ്ങൾ അനുസരിക്കേണ്ടിയിരുന്നില്ലേ?’ ” \p \v 8 യഹോവയുടെ വചനം വീണ്ടും സെഖര്യാവിനുണ്ടായി: \v 9 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായംവിധിക്കുക പരസ്പരം കരുണയും മനസ്സലിവും കാണിക്കുക. \v 10 വിധവയെയും അനാഥരെയും പ്രവാസികളെയും ദരിദ്രരെയും പീഡിപ്പിക്കരുത്. നിങ്ങളുടെ മനസ്സിൽ പരസ്പരം ദോഷം ചിന്തിക്കരുത്.’ \p \v 11 “എന്നാൽ, അവർക്കു ശ്രദ്ധിക്കാൻ മനസ്സില്ലായിരുന്നു; ശാഠ്യത്തോടെ അവർ പുറംതിരിഞ്ഞുപോകുകയും ചെവി അടച്ചുകളയുകയും ചെയ്തു. \v 12 അവർ തങ്ങളുടെ ഹൃദയത്തെ വജ്രംപോലെ കഠിനമാക്കി, ന്യായപ്രമാണം ശ്രദ്ധിച്ചില്ല. പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം സൈന്യങ്ങളുടെ യഹോവയുടെ ആത്മാവ് അയച്ച വചനവും അവർ ചെവിക്കൊണ്ടില്ല. അതിനാൽ സൈന്യങ്ങളുടെ യഹോവ കോപിച്ചു. \p \v 13 “ ‘ഞാൻ വിളിച്ചപ്പോൾ അവർ കേട്ടില്ല, അതുകൊണ്ട് അവർ വിളിക്കുമ്പോൾ ഞാനും കേൾക്കുകയില്ല,’ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. \v 14 ‘ഞാൻ ചുഴലിക്കാറ്റുകൊണ്ട് അവർ അറിയാത്ത എല്ലാ രാജ്യങ്ങളിലേക്കും അവരെ ചിതറിച്ചു, ആർക്കും വരുന്നതിനോ പോകുന്നതിനോ കഴിയാത്തവിധത്തിൽ ദേശം ശൂന്യമായിപ്പോയി. ഇങ്ങനെ അവർ അവരുടെ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.’ ” \c 8 \s1 ജെറുശലേമിന്റെ അനുഗ്രഹം യഹോവ വാഗ്ദാനംചയ്യുന്നു \p \v 1 അതിനുശേഷം സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. \p \v 2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനെക്കുറിച്ച് അത്യധികം തീക്ഷ്ണതയുള്ളവനാണ്; അവൾക്കുവേണ്ടിയുള്ള തീക്ഷ്ണത എന്നിൽ ജ്വലിക്കുന്നു.” \p \v 3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനിലേക്കു മടങ്ങിവന്ന് ജെറുശലേമിൽ വസിക്കും. അപ്പോൾ ജെറുശലേം വിശ്വസ്തനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവതം വിശുദ്ധപർവതം എന്നും വിളിക്കപ്പെടും.” \p \v 4 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനി ഒരിക്കൽക്കൂടി ജെറുശലേമിന്റെ തെരുവീഥികളിൽ വൃദ്ധന്മാരും വൃദ്ധകളും ഇരിക്കും. പ്രായാധിക്യംനിമിത്തം ഓരോരുത്തൻ വടി കൈയിൽ പിടിച്ചിരിക്കും. \v 5 പട്ടണവീഥികൾ കളിക്കുന്ന ബാലികാബാലന്മാരെക്കൊണ്ട് നിറഞ്ഞിരിക്കും.” \p \v 6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് ഈ ജനങ്ങളുടെ അക്കാലത്തെ ശേഷിപ്പിന് അസാധ്യമെന്നു തോന്നിയാലും, എനിക്ക് അത് അസാധ്യമായിരിക്കുമോ?” എന്ന് സൈന്യങ്ങളുടെ യഹോവ പ്രസ്താവിക്കുന്നു. \p \v 7 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളിൽനിന്നു ഞാൻ എന്റെ ജനത്തെ രക്ഷിക്കും. \v 8 അവർ ജെറുശലേമിൽ വസിക്കേണ്ടതിന് ഞാൻ അവരെ മടക്കിക്കൊണ്ടുവരും; അവർ എന്റെ ജനമായിരിക്കും, ഞാൻ അവർക്കു നീതിയും വിശ്വസ്തതയുമുള്ള ദൈവമായിരിക്കും.” \p \v 9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക, ‘ആലയം പണിയുന്നതിന് നിങ്ങളുടെ കരങ്ങൾ ബലമുള്ളവ ആയിരിക്കട്ടെ.’ സൈന്യങ്ങളുടെ യഹോവയുടെ ആലയം പണിയുന്നതിന് അടിസ്ഥാനമിട്ടപ്പോൾ അന്നു സന്നിഹിതരായിരുന്ന പ്രവാചകന്മാർ സംസാരിച്ച വചനങ്ങൾ ഇതുതന്നെ ആയിരുന്നു. \v 10 ആ കാലത്തിനുമുമ്പ് മനുഷ്യനു ശമ്പളമോ മൃഗത്തിനു കൂലിയോ ഇല്ല. ഞാൻ മനുഷ്യരെ അവരുടെ അയൽവാസിക്കുനേരേ തിരിച്ചിരുന്നു. തന്റെ ശത്രുനിമിത്തം ആർക്കുംതന്നെ സുരക്ഷിതമായി അധ്വാനത്തിനു പോകാൻ കഴിഞ്ഞിരുന്നില്ല. \v 11 എന്നാൽ ഞാൻ പണ്ടത്തെപ്പോലെ, ഈ ജനത്തിന്റെ ശേഷിപ്പിനോട് ഇപ്പോൾ ഇടപെടുകയില്ല,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. \p \v 12 “വിത്ത് നന്നായി വളരും, മുന്തിരിവള്ളി അതിന്റെ ഫലംതരും, നിലം ധാന്യം വിളയിക്കും, ആകാശം മഞ്ഞുപൊഴിക്കും. ഈ ജനത്തിന്റെ ശേഷിപ്പിന് ഇതെല്ലാം ഒരു അവകാശമായി നൽകും. \v 13 നിങ്ങൾ രാഷ്ട്രങ്ങൾക്കിടയിൽ ഒരു ശാപകാരണം\f + \fr 8:13 \fr*\ft \+xt യിര. 29:22\+xt*\ft*\f* ആയിരുന്നതുപോലെ, യെഹൂദയേ, ഇസ്രായേലേ, ഞാൻ നിങ്ങളെ രക്ഷിക്കുകയും നിങ്ങൾ ഒരു അനുഗ്രഹമായിരിക്കുകയും ചെയ്യും.\f + \fr 8:13 \fr*\ft \+xt ഉൽ. 48:20\+xt*\ft*\f* ഭയപ്പെടരുത്; നിങ്ങളുടെ കൈകൾ ബലപ്പെട്ടിരിക്കട്ടെ.” \p \v 14 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പിതാക്കന്മാർ എന്നെ പ്രകോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങളുടെമേൽ അനർഥം വരുത്താൻ നിശ്ചയിക്കുകയും നിങ്ങളോട് ദയ കാണിക്കാതിരിക്കുകയും ചെയ്തതുപോലെ, \v 15 ഞാൻ ഇക്കാലത്ത് ജെറുശലേമിനും യെഹൂദയ്ക്കും നന്മചെയ്യാൻ നിശ്ചയിച്ചിരിക്കുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ഭയപ്പെടരുത്. \v 16 നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്: നിങ്ങൾ പരസ്പരം സത്യം സംസാരിക്കുക, നിങ്ങളുടെ ന്യായസ്ഥാനങ്ങളിൽ സത്യമായും ന്യായമായും വിധിക്കുക; \v 17 നിങ്ങൾ പരസ്പരം ദോഷം നിരൂപിക്കരുത്, വ്യാജശപഥംചെയ്യാൻ ഇഷ്ടപ്പെടരുത്. ഇവയൊക്കെയും ഞാൻ വെറുക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. \p \v 18 സൈന്യങ്ങളുടെ യഹോവയുടെ വചനം വീണ്ടും എനിക്കുണ്ടായി. \p \v 19 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാലാമത്തെയും അഞ്ചാമത്തെയും ഏഴാമത്തെയും പത്താമത്തെയും മാസങ്ങളിലെ ഉപവാസങ്ങൾ, യെഹൂദയ്ക്കു സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സന്ദർഭങ്ങളും ഉല്ലാസത്തിന്റെ ഉത്സവങ്ങളും ആയിരിക്കും. അതുകൊണ്ട് സത്യവും സമാധാനവും ഇഷ്ടപ്പെടുക.” \p \v 20 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അനേകം ജനതകളും പട്ടണവാസികളും ഇനിയും വരും. \v 21 ഒരു പട്ടണത്തിൽ വസിക്കുന്നവർ അടുത്തൊരു പട്ടണത്തിൽപോയി ഇങ്ങനെ പറയും. ‘നമുക്ക് ഉടനെ പോയി യഹോവയെ പ്രസാദിപ്പിക്കാം, സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കാം. ഞാൻ പോകാൻ തീരുമാനിച്ചിരിക്കുന്നു.’ \v 22 അങ്ങനെ അനേകം ജനതകളും ശക്തരായ രാജ്യങ്ങളും സൈന്യങ്ങളുടെ യഹോവയെ പ്രസാദിപ്പിക്കേണ്ടതിനു ജെറുശലേമിലേക്കു വരും.” \p \v 23 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ കാലത്ത്, സകലഭാഷക്കാരിൽനിന്നും ജനതകളിൽനിന്നും പത്തു പുരുഷന്മാർ, ഒരു യെഹൂദന്റെ വസ്ത്രത്തെ ബലമായി പിടിച്ചുകൊണ്ട്, ‘ദൈവം നിങ്ങളോടുകൂടെയുണ്ട് എന്നു ഞങ്ങൾ കേട്ടിരിക്കയാൽ, ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു,’ എന്നു പറയും.” \c 9 \s1 ഇസ്രായേലിന്റെ ശത്രുക്കളുടെമേൽ ന്യായവിധി \p \v 1 ഒരു പ്രവചനം: \q1 യഹോവയുടെ വചനം ഹദ്രക്കുദേശത്തിനു വിരോധമായിരിക്കുന്നു, \q2 അത് ദമസ്കോസിൽനിന്നു വന്നുപതിക്കും— \q1 സകലമനുഷ്യരുടെയും ഇസ്രായേൽഗോത്രങ്ങളുടെയും ദൃഷ്ടി \q2 യഹോവയുടെമേൽ ആകുന്നു— \q1 \v 2 ദമസ്കോസിന്റെ അതിരിനടുത്തുള്ള ഹമാത്തിന്മേലും അത് ഉണ്ടായിരിക്കും, \q2 വളരെ സമർഥരെങ്കിലും, സോരിനും സീദോനും അങ്ങനെതന്നെ. \q1 \v 3 സോർ ഒരു സുരക്ഷിതകേന്ദ്രം പണിതിരിക്കുന്നു; \q2 അവൾ ചെളിപോലെ വെള്ളിയും \q2 തെരുവീഥികളിലെ പൊടിപോലെ സ്വർണവും വാരിക്കൂട്ടിയിരിക്കുന്നു. \q1 \v 4 എന്നാൽ കർത്താവ് അവളുടെ സമ്പത്ത് എടുത്തുകളയും \q2 അവളുടെ കെട്ടുറപ്പുള്ള കോട്ടകൾ കടലിലിട്ടു നശിപ്പിക്കും \q2 അവൾ അഗ്നിയാൽ ദഹിപ്പിക്കപ്പെടും. \q1 \v 5 അസ്കലോൻ അതുകണ്ടു ഭയപ്പെടും; \q2 ഗസ്സാ വേദനകൊണ്ടു പുളയും \q2 തന്റെ പ്രത്യാശ നഷ്ടപ്പെടുന്നതുകൊണ്ട് എക്രോനും. \q1 ഗസ്സായ്ക്കു രാജാവ് നഷ്ടമാകും \q2 അസ്കലോൻ ജനവാസം ഇല്ലാത്തതായിത്തീരും. \q1 \v 6 സമ്മിശ്രജനത അശ്ദോദ് കൈവശമാക്കും \q2 ഫെലിസ്ത്യരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും. \q1 \v 7 ഞാൻ, അവരുടെ വായിൽനിന്നു രക്തവും \q2 അവരുടെ പല്ലുകൾക്കിടയിൽനിന്നു വിലക്കപ്പെട്ട ആഹാരവും എടുത്തുകളയും. \q1 ഫെലിസ്ത്യരിൽ ശേഷിക്കുന്നവരും നമ്മുടെ ദൈവത്തിന് അവകാശപ്പെട്ടവരാകും. \q2 അവർ യെഹൂദയിലെ ഒരു കുലംപോലെ ആയിത്തീരും, \q2 എക്രോൻ യെബൂസ്യരെപ്പോലെയും ആകും. \q1 \v 8 എന്നാൽ കൊള്ളക്കാരിൽനിന്ന് \q2 ഞാൻ എന്റെ ആലയത്തെ കാക്കുന്നതിന് അതിനുചുറ്റും പാളയമിറങ്ങും. \q1 ഞാൻ ഇപ്പോൾ കാവൽചെയ്യുന്നതുകൊണ്ട്, \q2 ഒരു പീഡകനും എന്റെ ജനത്തെ കീഴ്‌മേൽ മറിക്കുകയില്ല. \s1 സീയോൻ രാജാവ് വരുന്നു \q1 \v 9 സീയോൻപുത്രീ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക! \q2 ജെറുശലേംപുത്രീ, ആർപ്പിടുക! \q1 ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു— \q2 നീതിമാനും വിജയശ്രീലാളിതനും \q1 സൗമ്യതയുള്ളവനുമായി, കഴുതപ്പുറത്തുകയറി, \q2 പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തുകയറി വരുന്നു! \q1 \v 10 ഞാൻ എഫ്രയീമിൽനിന്നു രഥങ്ങളെയും \q2 ജെറുശലേമിൽനിന്നു യുദ്ധക്കുതിരകളെയും എടുത്തുകളയും, \q2 യുദ്ധത്തിനുള്ള വില്ല് ഒടിച്ചുകളയും. \q1 അവിടന്ന് രാജ്യങ്ങൾക്ക് സമാധാനം പ്രഖ്യാപിക്കും. \q2 അവിടത്തെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും \q2 നദിമുതൽ\f + \fr 9:10 \fr*\ft അതായത്, \ft*\fqa യൂഫ്രട്ടീസ് നദി\fqa*\f* ഭൂമിയുടെ അറ്റത്തോളവും ആയിരിക്കും. \q1 \v 11 നീയോ, നിന്നോടുള്ള എന്റെ ഉടമ്പടിയുടെ രക്തംമൂലം \q2 ഞാൻ നിന്റെ ബന്ധിതരെ വെള്ളമില്ലാത്ത കുഴികളിൽനിന്നു മോചിപ്പിക്കും. \q1 \v 12 പ്രത്യാശയുള്ള ബന്ധിതരേ, നിങ്ങളുടെ കോട്ടയിലേക്കു മടങ്ങിപ്പോകുവിൻ; \q2 നിങ്ങൾക്ക് ഇരട്ടിയായി മടക്കിത്തരുമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു. \q1 \v 13 ഞാൻ എന്റെ വില്ല് കുലയ്ക്കുന്നതുപോലെ യെഹൂദയെ വളയ്ക്കും, \q2 എഫ്രയീമിനെ ഞാൻ അസ്ത്രംകൊണ്ടു നിറച്ചുമിരിക്കുന്നു. \q1 സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ ഉണർത്തി \q2 ഒരു യുദ്ധവീരന്റെ വാൾപോലെയാക്കും; \q2 ഗ്രീക്കുദേശമേ,\f + \fr 9:13 \fr*\ft മൂ.ഭാ. \ft*\fqa യവനദേശമേ\fqa*\f* നിന്റെ പുത്രന്മാർക്കെതിരേതന്നെ. \s1 യഹോവ പ്രത്യക്ഷനാകും \q1 \v 14 അപ്പോൾ അവരുടെമേൽ യഹോവ പ്രത്യക്ഷനാകും; \q2 അവിടത്തെ അമ്പ് മിന്നൽപ്പിണർപോലെ ചീറിപ്പായും. \q1 യഹോവയായ കർത്താവ് കാഹളംധ്വനിപ്പിക്കും; \q2 അവിടന്ന് തെക്കൻകാറ്റുകളിൽ മുന്നേറും. \q2 \v 15 സൈന്യങ്ങളുടെ യഹോവ അവരെ സംരക്ഷിക്കും. \q1 അവർ കവിണക്കല്ലുകളാൽ \q2 വിനാശംവരുത്തി വിജയംനേടും; \q1 അവർ കുടിക്കും, മദ്യപരെപ്പോലെ അട്ടഹസിക്കും. \q2 അവർ യാഗപീഠത്തിന്റെ കോണുകളിൽ തളിക്കാനുള്ള \q2 നിറഞ്ഞ പാത്രംപോലെ ആയിരിക്കും. \q1 \v 16 ഇടയൻ തന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതുപോലെ \q2 ആ ദിവസം അവരുടെ ദൈവമായ യഹോവ തന്റെ ജനത്തെ സംരക്ഷിക്കും. \q1 ഒരു കിരീടത്തിൽ രത്നങ്ങൾപോലെ \q2 അവർ അവിടത്തെ ദേശത്തു മിന്നിത്തിളങ്ങും. \q1 \v 17 അവർ എത്ര ആകർഷണീയരും സൗന്ദര്യപൂർണരും ആയിരിക്കും! \q2 ധാന്യം യുവാക്കന്മാരെയും \q2 പുതുവീഞ്ഞ് യുവതികളെയും പുഷ്ടിയുള്ളവരാക്കും. \c 10 \s1 യഹോവ യെഹൂദയ്ക്കുവേണ്ടി കരുതുന്നു \q1 \v 1 വസന്തകാലത്ത് മഴയ്ക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക; \q2 യഹോവയാണല്ലോ മിന്നൽപ്പിണർ അയയ്ക്കുന്നത്. \q1 അവിടന്ന് സകലജനത്തിനും മഴ വർഷിപ്പിക്കുന്നു \q2 എല്ലാവർക്കും വയലിലെ സസ്യങ്ങളും നൽകുന്നു. \q1 \v 2 വിഗ്രഹങ്ങൾ വഞ്ചന സംസാരിക്കുന്നു, \q2 ദേവപ്രശ്നംവെക്കുന്നവർ വ്യാജം ദർശിക്കുന്നു; \q1 അവർ വ്യാജസ്വപ്നങ്ങൾ പറയുന്നു, \q2 അവർ വൃഥാ ആശ്വസിപ്പിക്കുന്നു. \q1 അതിനാൽ ജനം ആടുകളെപ്പോലെ അലയുന്നു. \q2 ഇടയൻ ഇല്ലാത്തതിനാൽ അവർ പീഡിപ്പിക്കപ്പെടുന്നു. \b \q1 \v 3 “എന്റെ കോപം ഇടയന്മാർക്കുനേരേ ജ്വലിക്കുന്നു, \q2 ഞാൻ നായകന്മാരെ ശിക്ഷിക്കും; \q1 സൈന്യങ്ങളുടെ യഹോവ തന്റെ ആട്ടിൻകൂട്ടമായ \q2 യെഹൂദയ്ക്കുവേണ്ടി കരുതും, \q2 അവിടന്ന് അവരെ യുദ്ധത്തിൽ ഗർവിഷ്ഠനായ കുതിരയാക്കും. \q1 \v 4 യെഹൂദയിൽനിന്ന് മൂലക്കല്ലും \q2 അവനിൽനിന്ന് കൂടാരത്തിന്റെ ആണിയും \q1 അവനിൽനിന്ന് യുദ്ധത്തിനുള്ള വില്ലും \q2 അവനിൽനിന്ന് ഓരോ അധിപതിയും വരും. \q1 \v 5 അവർ യുദ്ധത്തിൽ ശത്രുക്കളെ \q2 ചെളിനിറഞ്ഞ വീഥികളിൽ ഇട്ടു മെതിക്കുന്ന വീരയോദ്ധാക്കളെപ്പോലെ ആയിരിക്കും. \q1 യഹോവ അവരോടുകൂടെ ഉള്ളതുകൊണ്ട്, \q2 അവർ ശത്രുക്കളുടെ കുതിരച്ചേവകരെ യുദ്ധത്തിൽ തോൽപ്പിക്കും. \b \q1 \v 6 “ഞാൻ യെഹൂദാഗൃഹത്തെ ശക്തിപ്പെടുത്തും \q2 യോസേഫുഗൃഹത്തെ രക്ഷിക്കും. \q1 എനിക്ക് അവരോടു മനസ്സലിവുള്ളതുകൊണ്ട് \q2 ഞാൻ അവരെ യഥാസ്ഥാനപ്പെടുത്തും. \q1 ഞാൻ ഒരിക്കലും നിരസിക്കാത്തവരെപ്പോലെ \q2 അവർ ആയിരിക്കും; \q1 ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ, \q2 ഞാൻ അവർക്ക് ഉത്തരമരുളും. \q1 \v 7 എഫ്രയീമ്യർ വീരയോദ്ധാക്കളെപ്പോലെ ആകും \q2 അവരുടെ ഹൃദയത്തിൽ വീഞ്ഞിനാലെന്നപോലെ സന്തോഷമായിരിക്കും. \q1 അവരുടെ കുഞ്ഞുങ്ങൾ അതുകണ്ട് സന്തോഷിക്കും \q2 അവരുടെ ഹൃദയം യഹോവയിൽ സന്തോഷിക്കും. \q1 \v 8 ഞാൻ അവർക്കു ചിഹ്നം കാണിച്ച് അവരെ അകത്തുവരുത്തും. \q2 കാരണം ഞാൻ അവരെ വീണ്ടെടുത്തിരിക്കുന്നു. \q1 അവർ പണ്ടത്തെപ്പോലെതന്നെ അസംഖ്യമായിരിക്കും. \q1 \v 9 ഞാൻ അവരെ ജനതകൾക്കിടയിൽ ചിതറിച്ചുകളയുമെങ്കിലും \q2 വിദൂരദേശങ്ങളിൽ അവർ എന്നെ ഓർക്കും. \q1 അവരും അവരുടെ കുഞ്ഞുങ്ങളും ജീവിച്ചിരിക്കും, \q2 അവർ ഇസ്രായേലിലേക്കു മടങ്ങിവരും. \q1 \v 10 ഞാൻ അവരെ ഈജിപ്റ്റിൽനിന്നു മടക്കിവരുത്തും \q2 അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും. \q1 ഞാൻ അവരെ ഗിലെയാദിലേക്കും ലെബാനോനിലേക്കും കൊണ്ടുപോകും, \q2 അവിടെ അവർക്കു സ്ഥലം മതിയാകുകയില്ല. \q1 \v 11 അവർ കഷ്ടതയുടെ സമുദ്രത്തിലൂടെ കടക്കും; \q2 ഇളകിമറിയുന്ന സമുദ്രം ശാന്തമാകും. \q2 നൈലിന്റെ അഗാധതകൾ വരണ്ടുപോകും; \q1 അശ്ശൂരിന്റെ അഹങ്കാരം തകർക്കപ്പെടും \q2 ഈജിപ്റ്റിന്റെ ചെങ്കോൽ അവസാനിക്കും. \q1 \v 12 ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും \q2 അവിടത്തെ നാമത്തിൽ അവർ സുരക്ഷിതരായി ജീവിക്കും,” \q4 എന്ന് യഹോവയുടെ അരുളപ്പാട്. \b \c 11 \q1 \v 1 ലെബാനോനേ, നിന്റെ വാതിലുകൾ തുറക്കുക; \q2 അഗ്നി നിന്റെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ! \q1 \v 2 സരളവൃക്ഷങ്ങളേ, വിലപിക്കുവിൻ; \q2 ദേവദാരുക്കൾ വീണുപോയി! \q1 ബാശാനിലെ കരുവേലകങ്ങളേ, വിലപിക്കുവിൻ; \q2 ഗാംഭീര്യമുള്ള വൃക്ഷങ്ങൾ നശിച്ചുപോയിരിക്കുന്നു; ഘോരവനവും വെട്ടിനിരത്തിയിരിക്കുന്നു. \q1 \v 3 ഇടയന്മാരുടെ വിലാപം ശ്രദ്ധിക്കുക; \q2 അവരുടെ തഴച്ച മേച്ചിൽപ്പുറങ്ങൾ നശിച്ചുപോയിരിക്കുന്നു! \q1 സിംഹങ്ങളുടെ ഗർജനം ശ്രദ്ധിക്കുക; \q2 യോർദാനിലെ തഴച്ച കുറ്റിക്കാടുകൾ നശിച്ചുപോയിരിക്കുന്നു! \s1 രണ്ട് ഇടയന്മാർ \p \v 4 എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അറക്കാൻ അടയാളപ്പെടുത്തിയ ആട്ടിൻകൂട്ടത്തെ മേയിക്കുക. \v 5 വാങ്ങുന്നവർ അവയെ കശാപ്പുചെയ്യുന്നു; എന്നാൽ ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. അവയെ വിൽക്കുന്നവർ, ‘യഹോവയ്ക്കു സ്തോത്രം, ഞാൻ ധനികനായിരിക്കുന്നു’ എന്നു പറയുന്നു. അവരുടെ സ്വന്തം ഇടയന്മാർപോലും അവരോടു കരുണ കാണിക്കുന്നില്ല. \v 6 ദേശത്തിലെ ജനങ്ങളോട് ഇനി കരുണയുണ്ടാകുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ ഓരോരുത്തരും അവരവരുടെ അയൽവാസികളുടെ പക്കലും രാജാവിന്റെ പക്കലും ഏൽപ്പിക്കും. അവർ ദേശത്തെ തകർക്കും, ഞാൻ അവരുടെ കരങ്ങളിൽനിന്ന് ആരെയും വിടുവിക്കുകയില്ല.” \p \v 7 അങ്ങനെ ഞാൻ, അറക്കാൻ അടയാളപ്പെടുത്തിയ ആട്ടിൻകൂട്ടത്തെ, വിശേഷിച്ചു കൂട്ടത്തിൽ പീഡിപ്പിക്കപ്പെട്ടവയെ, മേയിച്ചു. പിന്നീട് ഞാൻ രണ്ടു കോൽ എടുത്തു, ഒന്നിനു “പ്രീതി,” എന്നും മറ്റേതിന് “ഒരുമ,” എന്നും പേരിട്ടു. അങ്ങനെ ഞാൻ കൂട്ടത്തെ മേയിച്ചു. \v 8 ഒരു മാസത്തിനകം മൂന്ന് ഇടയന്മാരെ ഞാൻ ഒഴിവാക്കി. \p ആട്ടിൻകൂട്ടത്തിന് എന്നോട് വെറുപ്പുതോന്നി, എനിക്ക് അവരോടും മടുപ്പുതോന്നി. \v 9 “ഞാൻ നിങ്ങളുടെ ഇടയൻ ആയിരിക്കുകയില്ല, ചാകുന്നവ ചാകട്ടെ, നശിക്കുന്നവ നശിക്കട്ടെ. ശേഷിച്ചിരിക്കുന്നവ പരസ്പരം മാംസം തിന്നട്ടെ,” എന്നു പറഞ്ഞു. \p \v 10 പിന്നീടു ഞാൻ, പ്രീതി എന്നു പേരുള്ള കോലെടുത്തു; സകലരാജ്യങ്ങളോടും ചെയ്തിരുന്ന ഉടമ്പടി ലംഘിച്ചുകൊണ്ട് ഞാൻ അതിനെ ഒടിച്ചുകളഞ്ഞു. \v 11 ആ ദിവസംതന്നെ അതു ലംഘിക്കപ്പെട്ടു. എന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന കൂട്ടത്തിലെ പീഡിതർ, അത് യഹോവയുടെ വചനംതന്നെ ആകുന്നു എന്നു തിരിച്ചറിഞ്ഞു. \p \v 12 ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരിക; ഇല്ലെങ്കിൽ, തരേണ്ടതില്ല.” അങ്ങനെ അവർ എനിക്കു മുപ്പതു വെള്ളിക്കാശ് എന്റെ കൂലിയായി തന്നു. \p \v 13 യഹോവ എന്നോട്, “അതു കുശവന് എറിഞ്ഞുകളയുക” എന്നു കൽപ്പിച്ചു—അതായിരുന്നു അവർ എന്നെ മതിച്ചവില! അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശെടുത്ത് യഹോവയുടെ ആലയത്തിൽ കുശവന് എറിഞ്ഞുകൊടുത്തു. \p \v 14 പിന്നീട് ഞാൻ, ഒരുമ എന്ന എന്റെ രണ്ടാമത്തെ കോൽ എടുത്തു; ഇസ്രായേലും യെഹൂദയുംതമ്മിലുള്ള സാഹോദര്യത്തിന്റെ കോൽ ഒടിച്ചുകളഞ്ഞു. \p \v 15 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “നീ ഇനി ഭോഷനായ ഒരു ഇടയന്റെ ആയുധം എടുത്തുകൊള്ളുക. \v 16 കാണാതെപോയതിനെ അന്വേഷിക്കാതെയും ഇളയതിനെ കരുതാതെയും മുറിവേറ്റതിനെ സുഖമാക്കാതെയും ആരോഗ്യമുള്ളതിനെ തീറ്റാതെയും ഇരിക്കുന്ന ഒരു ഇടയനെ ഞാൻ ദേശത്തിന്റെമേൽ എഴുന്നേൽപ്പിക്കാൻ പോകുന്നു. അവൻ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറി കളയുകയും ചെയ്യും. \q1 \v 17 “ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുപോകുന്ന \q2 ഭോഷനായ ഇടയനു ഹാ കഷ്ടം! \q1 വാൾ അവന്റെ ഭുജത്തെയും വലത്തുകണ്ണിനെയും വെട്ടട്ടെ! \q2 അവന്റെ ഭുജം അശേഷം വരണ്ടും \q2 വലതുകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ!” \c 12 \s1 ജെറുശലേമിന്റെ ശത്രുക്കൾ നശിപ്പിക്കപ്പെടും \p \v 1 ഒരു പ്രവചനം: ഇസ്രായേലിനെക്കുറിച്ച് യഹോവയുടെ അരുളപ്പാട്. \b \p ആകാശത്തെ വിരിക്കുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും മനുഷ്യരുടെ ആത്മാക്കളെ അവരുടെ ഉള്ളിൽ രൂപപ്പെടുത്തുകയുംചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: \v 2 “ഞാൻ ജെറുശലേമിനെ അതിനുചുറ്റുമുള്ള സകലജനങ്ങളെയും ചാഞ്ചാടിക്കുന്ന ഒരു പാനപാത്രമാക്കും; യെഹൂദയും ജെറുശലേമും ഉപരോധിക്കപ്പെടും. \v 3 ഭൂമിയിലെ സകലരാജ്യങ്ങളും അവൾക്കെതിരേ കൂടിവരുന്ന ആ ദിവസത്തിൽ, ഞാൻ ജെറുശലേമിനെ, സകലരാഷ്ട്രങ്ങൾക്കും ചലിപ്പിക്കാൻ കഴിയാത്ത ഒരു പാറയാക്കിമാറ്റും. അതിനെ ചലിപ്പിക്കാൻ ശ്രമിക്കുന്നവർ സ്വയം മുറിവേൽപ്പിക്കും. \v 4 ആ ദിവസത്തിൽ, ഞാൻ സകലകുതിരകൾക്കും പരിഭ്രമംവരുത്തും; കുതിരച്ചേവകരെ ഭ്രാന്തുപിടിപ്പിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ യെഹൂദാഗൃഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കും; ഇതര രാഷ്ട്രങ്ങളുടെ കുതിരകൾക്കു ഞാൻ അന്ധത വരുത്തും. \v 5 അപ്പോൾ യെഹൂദാഗോത്രത്തലവന്മാർ: ‘സൈന്യങ്ങളുടെ യഹോവ തങ്ങളുടെ ദൈവം ആയിരിക്കുന്നതുകൊണ്ട് ജെറുശലേംനിവാസികൾ ശക്തരായിരിക്കുന്നു,’ എന്നു ഹൃദയത്തിൽ പറയും. \p \v 6 “ആ ദിവസത്തിൽ ഞാൻ യെഹൂദാഗോത്രത്തലവന്മാരെ വിറകിനിടയിൽ തീച്ചട്ടിപോലെയും, കറ്റകൾക്കിടയിൽ കത്തുന്ന പന്തംപോലെയും ആക്കും. അവർ വലത്തും ഇടത്തുമായി ചുറ്റുമുള്ള സകലജനത്തെയും നിശ്ശേഷം ഭസ്മീകരിക്കും. എന്നാൽ ജെറുശലേം സ്വസ്ഥാനത്ത് അതിലെ നിവാസികളുമായി സുരക്ഷിതരായിരിക്കും. \p \v 7 “ദാവീദുഗൃഹത്തിന്റെയും ജെറുശലേംനിവാസികളുടെയും അഭിമാനം യെഹൂദയുടെ അഭിമാനത്തെക്കാൾ ഉന്നതമാകാതിരിക്കേണ്ടിതിന് യഹോവ യെഹൂദാനിവാസികളെ ആദ്യം രക്ഷിക്കും. \v 8 ആ ദിവസത്തിൽ യഹോവ ജെറുശലേംനിവാസികളെ സംരക്ഷിക്കും. അവരിൽ ഏറ്റവും ബലഹീനൻ ദാവീദിനെപ്പോലെയും ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെമുമ്പിൽ നടക്കുന്ന യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും. \v 9 ആ ദിവസത്തിൽ ജെറുശലേമിനെ ആക്രമിക്കുന്ന സകലരാജ്യങ്ങളെയും ഞാൻ നശിപ്പിക്കാൻ ആരംഭിക്കും. \s1 തങ്ങൾ കുത്തിത്തുളച്ചവനെക്കുറിച്ചുള്ള വിലാപം \p \v 10 “ഞാൻ, ദാവീദുഗൃഹത്തിന്മേലും ജെറുശലേംനിവാസികളിന്മേലും കൃപയുടെയും അഭയയാചനകളുടെയും ആത്മാവിനെ പകരും. അവർ എങ്കലേക്കു നോക്കും, അവർ കുത്തിയവങ്കലേക്കുതന്നെ. ഏകജാതനെക്കുറിച്ച് വിലപിക്കുന്നതുപോലെ അവനെക്കുറിച്ച് അവർ വിലപിക്കും, ആദ്യജാതനെക്കുറിച്ച് ദുഃഖിക്കുന്നതുപോലെ അവർ കയ്‌പോടെ ദുഃഖിക്കും. \v 11 ആ ദിവസത്തിൽ, മെഗിദ്ദോസമതലത്തിലെ ഹദദ്-രിമ്മോനിലെ വിലാപംപോലെ, ജെറുശലേമിൽ മഹാവിലാപം ഉണ്ടാകും. \v 12 ദേശം വിലപിക്കും; അവർ കുലംകുലമായി വിലപിക്കും, അവരുടെ ഭാര്യമാരും വിലപിക്കും: ദാവീദുഗൃഹത്തിലെ കുലങ്ങളും അവരുടെ ഭാര്യമാരും നാഥാൻഗൃഹത്തിലെ കുലവും അവരുടെ ഭാര്യമാരും വിലപിക്കും. \v 13 ലേവിഗൃഹത്തിന്റെ കുലവും അവരുടെ ഭാര്യമാരും ശിമെയിഗൃഹത്തിന്റെ കുലവും അവരുടെ ഭാര്യമാരും \v 14 ശേഷിച്ച എല്ലാ കുലങ്ങളും അവരുടെ ഭാര്യമാരും വിലപിക്കും. \c 13 \s1 പാപത്തിൽനിന്നുള്ള ശുദ്ധീകരണം \p \v 1 “ആ ദിവസത്തിൽ ദാവീദുഗൃഹത്തിന്റെയും ജെറുശലേംനിവാസികളുടെയും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവ തുറക്കപ്പെട്ടിരിക്കും. \p \v 2 “ആ ദിവസത്തിൽ, വിഗ്രഹങ്ങളുടെ പേരുകൾ ഞാൻ ദേശത്തുനിന്നു നീക്കിക്കളയും, അവ പിന്നെ ഒരിക്കലും ഓർമിക്കപ്പെടുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ പ്രവാചകന്മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും. \v 3 പിന്നെ ആരെങ്കിലും പ്രവചിക്കുന്നെങ്കിൽ അവനു ജന്മംനൽകിയ മാതാപിതാക്കൾ അവനോടു പറയും: ‘യഹോവയുടെ നാമത്തിൽ വ്യാജം പറഞ്ഞിരിക്കുകയാൽ നീ മരിക്കണം.’ അവൻ പ്രവചിക്കുമ്പോൾ അവന്റെ മാതാപിതാക്കൾതന്നെ അവനെ കുത്തും. \p \v 4 “ആ ദിവസത്തിൽ ഓരോ പ്രവാചകനും തന്റെ പ്രവചനദർശനത്തെക്കുറിച്ച് ലജ്ജിക്കും. ചതിക്കേണ്ടതിന് അവർ പ്രവാചകന്റെ രോമമുള്ള അങ്കി ധരിക്കുകയുമില്ല. \v 5 ‘ഞാൻ പ്രവാചകനല്ല, ഒരു കൃഷിക്കാരനത്രേ; എന്റെ യൗവനംമുതൽ ഒരാൾ എന്നെ വിലയ്ക്കു വാങ്ങിയിരിക്കുന്നു,’ എന്ന് ഓരോരുത്തരും പറയും. \v 6 ആരെങ്കിലും അവനോട്: ‘നിന്റെ ശരീരത്തിൽ ഏറ്റിരിക്കുന്ന മുറിവുകൾ എന്ത്,’ എന്നു ചോദിച്ചാൽ, ‘എന്റെ സ്നേഹിതരുടെ വീട്ടിൽവെച്ച് എനിക്കേറ്റ മുറിവുകൾതന്നെ’ എന്ന് അവൻ ഉത്തരം പറയും. \s1 ഇടയനെ വെട്ടുന്നു, ആടുകൾ ചിതറിക്കപ്പെടുന്നു \q1 \v 7 “വാളേ, എന്റെ ഇടയന്റെനേരേയും \q2 എന്റെ പ്രിയപുരുഷന്റെനേരേയും ഉണരുക!” \q2 എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. \q1 “ഇടയനെ വെട്ടുക; \q2 ആടുകൾ ചിതറിപ്പോകും, \q2 ഞാൻ ചെറിയവരുടെനേർക്ക് എന്റെ കൈ തിരിക്കും.” \q1 \v 8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സർവദേശത്തിലും \q2 മൂന്നിൽരണ്ടുഭാഗം ഛേദിക്കപ്പെട്ടു നശിച്ചുപോകും; \q2 എങ്കിലും അതിൽ മൂന്നിലൊരംശം ശേഷിച്ചിരിക്കും. \q1 \v 9 ഈ മൂന്നിലൊരംശത്തെ ഞാൻ അഗ്നിയിൽക്കൂടി കടത്തും; \q2 ഞാൻ അവരെ വെള്ളിപോലെ സ്‌ഫുടംചെയ്യും \q2 സ്വർണംപോലെ അവരെ ശുദ്ധീകരിക്കും. \q1 അവർ എന്റെ നാമം വിളിച്ചപേക്ഷിക്കും \q2 ഞാൻ അവർക്ക് ഉത്തരമരുളും; \q1 ‘അവർ എന്റെ ജനം,’ എന്നു ഞാൻ പറയും \q2 ‘യഹോവ ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.” \c 14 \s1 യഹോവ വാഴുന്നു \p \v 1 യഹോവയുടെ ഒരു ദിവസം വരുന്നു; ജെറുശലേമേ, അന്നു നിന്റെ സമ്പത്തു കൊള്ളയടിക്കപ്പെടുകയും നിന്റെ മതിലുകൾക്കുള്ളിൽവെച്ചുതന്നെ അവ വിഭജിക്കപ്പെടുകയും ചെയ്യും. \p \v 2 ജെറുശലേമിനെതിരേ യുദ്ധംചെയ്യാൻ ഞാൻ സകലരാജ്യങ്ങളെയും കൂട്ടിവരുത്തും; പട്ടണം പിടിക്കപ്പെടും, വീടുകൾ കൊള്ളയടിക്കപ്പെടും, സ്ത്രീകൾ ബലാൽക്കാരംചെയ്യപ്പെടും, പട്ടണവാസികളിൽ പകുതിപ്പേർ പ്രവാസത്തിലേക്കു പോകും. എന്നാൽ ശേഷിക്കുന്ന ജനം പട്ടണത്തിൽനിന്നു പോകേണ്ടിവരുകയില്ല. \v 3 അപ്പോൾ യഹോവ, യുദ്ധദിനത്തിലെന്നപോലെ പുറത്തുവന്ന് ആ രാജ്യങ്ങളോടു യുദ്ധംചെയ്യും. \v 4 ആ ദിവസത്തിൽ അവിടത്തെ കാൽ ജെറുശലേമിനു കിഴക്കുള്ള ഒലിവുമലയിൽ നിൽക്കും. അപ്പോൾ ഒലിവുമല കിഴക്കുപടിഞ്ഞാറായി, രണ്ടുഭാഗമായി പിളർന്നുപോകും. മലയുടെ ഒരുപകുതി വടക്കോട്ടും മറ്റേപകുതി തെക്കോട്ടും നീങ്ങിപ്പോകുന്നതിനാൽ നടുവിൽ ഒരു വലിയ താഴ്വര രൂപപ്പെടും. \v 5 നിങ്ങൾ എന്റെ മലയുടെ താഴ്വരകളിലൂടെ ഓടിപ്പോകും, കാരണം ആ താഴ്വര ആസൽവരെ എത്തും. യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു ഭൂകമ്പത്തിൽനിന്നു നിങ്ങൾ ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും. അപ്പോൾ എന്റെ ദൈവമായ യഹോവ വരും, അവിടത്തെ സകലവിശുദ്ധന്മാരോടുംകൂടി എഴുന്നള്ളും. \p \v 6 ആ ദിവസത്തിൽ വെളിച്ചമോ തണുപ്പോ മൂടൽമഞ്ഞോ ഉണ്ടായിരിക്കുകയില്ല. \v 7 അതു നിസ്തുലമായ ഒരു ദിവസം ആയിരിക്കും; അതിനു പകലോ രാത്രിയോ ഉണ്ടായിരിക്കുകയില്ല; യഹോവമാത്രം അറിയുന്ന ഒരു ദിവസം. സന്ധ്യയാകുമ്പോഴും വെളിച്ചമുണ്ടായിരിക്കും. \p \v 8 ആ ദിവസത്തിൽ ജെറുശലേമിൽനിന്നുള്ള ജീവജലം പ്രവഹിക്കും; പകുതി കിഴക്ക് ഉപ്പുകടലിലേക്കും\f + \fr 14:8 \fr*\ft അതായത്, \ft*\fqa ചാവുകടൽ\fqa*\f* പകുതി പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും ഒഴുകും. അതു വേനൽക്കാലത്തും ശീതകാലത്തും ഉണ്ടാകും. \p \v 9 യഹോവ സകലഭൂമിക്കും രാജാവായിരിക്കും. ആ ദിവസത്തിൽ അവിടന്ന് ഏകകർത്താവും അവിടത്തെ നാമം ഏകനാമവും ആയിരിക്കും. \p \v 10 ദേശംമുഴുവനും, ഗേബാമുതൽ ജെറുശലേമിനു തെക്ക് രിമ്മോൻവരെ അരാബാപോലെ വിശാലമായ സമഭൂമിയായിത്തീരും. എന്നാൽ ജെറുശലേം അതിന്റെ സ്ഥാനത്തുതന്നെ ഉയർന്നിരിക്കും. ബെന്യാമീൻകവാടംമുതൽ ആദ്യത്തെ കവാടത്തിന്റെ സ്ഥാനംവരെയും കോൺകവാടംവരെയും\f + \fr 14:10 \fr*\ft വടക്കുപടിഞ്ഞാറു ഭാഗത്തുള്ള ഒരു പ്രവേശനകവാടത്തിന്റെ പേരാണ് ഇത്.\ft*\f* ഹനനേൽഗോപുരംമുതൽ രാജാവിന്റെ മുന്തിരിച്ചക്കുകൾവരെയും മാറ്റമൊന്നും സംഭവിക്കുകയില്ല. \v 11 അതിൽ ആൾപ്പാർപ്പുണ്ടാകും; പിന്നീടൊരിക്കലും അതു നശിപ്പിക്കപ്പെടുകയില്ല. ജെറുശലേം സുരക്ഷിതമായിരിക്കും. \p \v 12 ജെറുശലേമിനോടു യുദ്ധംചെയ്യുന്ന സകലരാജ്യങ്ങളിലേക്കും യഹോവ അയയ്ക്കുന്ന ഒരു ബാധ ഇതായിരിക്കും: അവർ നിൽക്കുമ്പോൾത്തന്നെ അവരുടെ ത്വക്ക് അഴുകും; കൺതടത്തിൽത്തന്നെ അവരുടെ കണ്ണു ചീഞ്ഞഴുകും; വായ്ക്കുള്ളിൽത്തന്നെ അവരുടെ നാവും അഴുകിപ്പോകും. \v 13 ആ ദിവസത്തിൽ, യഹോവ ജനത്തിന്മേൽ മഹാപരിഭ്രമം അയയ്ക്കും. ഒരാൾ മറ്റൊരാളുടെ കൈക്കുപിടിച്ചുനിർത്തി പരസ്പരം ആക്രമിക്കും. \v 14 യെഹൂദയും ജെറുശലേമിൽ യുദ്ധംചെയ്യും. ചുറ്റുമുള്ള സകലരാജ്യങ്ങളുടെയും സർവസമ്പത്തും, സ്വർണവും വെള്ളിയും വസ്ത്രവും വലിയ അളവിൽ ശേഖരിക്കപ്പെടും. \v 15 അവരുടെ പാളയത്തിലെ കുതിരകൾ, കോവർകഴുതകൾ, ഒട്ടകങ്ങൾ, കഴുതകൾ എന്നിങ്ങനെയുള്ള സകലമൃഗങ്ങളും ഈ ബാധയാൽ സംഹരിക്കപ്പെടും. \p \v 16 ജെറുശലേമിനെ ആക്രമിച്ച സകലരാജ്യങ്ങളിലും യുദ്ധം അതിജീവിച്ചവർ വർഷംതോറും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ ആരാധിക്കുന്നതിനും കൂടാരപ്പെരുന്നാൾ ആഘോഷിക്കുന്നതിനും കയറിവരും. \v 17 സൈന്യങ്ങളുടെ യഹോവയായ രാജാവിനെ ആരാധിക്കാൻ ഭൂമിയിലെ ഏതെങ്കിലുമൊരു ജനവിഭാഗം ജെറുശലേമിലേക്കു കയറിച്ചെല്ലാതിരുന്നാൽ അവർക്കു മഴ ഉണ്ടാകുകയില്ല. \v 18 ഈജിപ്റ്റിലെ ജനം കയറിച്ചെന്ന് അതിൽ പങ്കെടുക്കാതിരുന്നാൽ അവർക്കും മഴ ഉണ്ടാകുകയില്ല. കൂടാരപ്പെരുന്നാൾ ആഘോഷിക്കാൻ പോകാത്ത രാജ്യങ്ങളുടെമേൽ യഹോവ വരുത്തുന്ന ബാധ അവരുടെമേലും വരുത്തും. \v 19 ഈജിപ്റ്റിനും കൂടാരപ്പെരുന്നാൾ ആഘോഷിക്കുന്നതിനു കയറിച്ചെല്ലാത്ത എല്ലാ രാജ്യങ്ങൾക്കും ശിക്ഷ ഇതുതന്നെയായിരിക്കും. \p \v 20 ആ ദിവസത്തിൽ, കുതിരകളുടെ മണികളിൽ, “യഹോവയ്ക്കു വിശുദ്ധം” എന്നു കൊത്തിയിരിക്കും. യഹോവയുടെ ആലയത്തിലെ കലങ്ങൾ, യാഗപീഠത്തിന്റെ മുമ്പിലുള്ള കലശങ്ങൾപോലെ വിശുദ്ധമായിരിക്കും. \v 21 ജെറുശലേമിലും യെഹൂദയിലുമുള്ള സകലപാത്രവും സൈന്യങ്ങളുടെ യഹോവയ്ക്കു വിശുദ്ധമായിരിക്കും. യാഗം കഴിക്കാൻ വരുന്നവർ പാത്രങ്ങളിൽ ചിലതെടുത്ത് അതിൽ പാചകംചെയ്യും. ആ ദിവസത്തിൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും\f + \fr 14:21 \fr*\ft അഥവാ, \ft*\fqa വ്യാപാരികൾ\fqa*\f* ഉണ്ടാകുകയില്ല.